സംസ്ഥാനത്ത് യുഡിഎഫ് സർക്കാരിന്റെ പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതി വിജയകരമായി നൂറു ദിനം പൂർത്തിയാക്കുന്നു. ഓർഡിനറി ബസുകളിലൂടെ ഇതുവരെ 12 കോടിയിലധികം സൗജന്യ യാത്രകൾ നടന്നതായാണ് ഗതാഗത വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള സ്ത്രീകൾക്ക് വലിയ രീതിയിൽ തുണയായ പദ്ധതി കെഎസ്ആർടിസിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറുകയാണ്.
ഓർഡിനറി ബസുകളുടെ സൂപ്പർ ഹിറ്റ് കാലത്തിനാണ് കേരളം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. സ്വന്തം വാഹനങ്ങൾ ഒഴിവാക്കിയും, മറ്റ് ബസുകളെ ആശ്രയിക്കാതെയും സ്ത്രീകൾ ഈ സൗജന്യ യാത്ര വലിയ രീതിയിൽ ആഘോഷമാക്കുകയാണ്. ഗതാഗത വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സെപ്റ്റംബർ 19 വരെ മാത്രം 12.54 കോടി സൗജന്യ യാത്രകളാണ് സംസ്ഥാനത്ത് നടന്നത്. ഈ യാത്രക്കാർ സാധാരണ രീതിയിൽ പണം നൽകിയാണ് യാത്ര ചെയ്തിരുന്നതെങ്കിൽ കെഎസ്ആർടിസിക്ക് ലഭിക്കേണ്ടിയിരുന്ന വരുമാനം 266.53 കോടി രൂപയാണ്.സ്ത്രീകളുടെ എണ്ണം വൻതോതിൽ വർദ്ധിച്ചപ്പോഴും ഓർഡിനറി ബസുകളെ ആശ്രയിക്കുന്ന പുരുഷന്മാരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. നിലവിൽ 6.19 ലക്ഷം പുരുഷന്മാരാണ് പ്രതിദിനം ഓർഡിനറി ബസുകളിൽ യാത്ര ചെയ്യുന്നത്.പ്രിയദർശിനി പദ്ധതിക്ക് പുറമേ, കഴിഞ്ഞ നൂറു ദിവസത്തിനിടയിൽ എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ടിക്കറ്റ് ബുക്കിംഗ്, കൂടുതൽ അന്തർസംസ്ഥാന സർവീസുകൾ, ഊബറുമായി സഹകരിച്ചുള്ള പുതിയ യാത്രാ പദ്ധതികൾ എന്നിവയും കെഎസ്ആർടിസി വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്
എന്നാൽ, പദ്ധതി സൂപ്പർ ഹിറ്റായതോടെ പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുക എന്നതാണ് സർക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഈ നൂറു ദിവസത്തെ പ്രോഗ്രസ് റിപ്പോർട്ട് വിലയിരുത്തി രണ്ടാം ഘട്ടത്തിൽ സ്വകാര്യ ബസ് മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നാണ് സർക്കാരിന്റെ വാഗ്ദാനം. അതോടൊപ്പം തന്നെ, സിറ്റി ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് ബസുകളിലേക്ക് കൂടി സൗജന്യ യാത്രാ പദ്ധതി വ്യാപിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. ഇത് നടപ്പിലാകുന്നതോടെ പദ്ധതി കൂടുതൽ സ്ത്രീകളിലേക്ക് എത്തിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
സ്വകാര്യ ബസ് മേഖലയുടെ ആശങ്കകൾ പരിഹരിച്ചുകൊണ്ട് പ്രിയദർശിനി പദ്ധതിയുടെ രണ്ടാം ഘട്ടം സർക്കാർ എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നാണ് ഇനി ജനങ്ങൾ ഉറ്റുനോക്കു
ന്നത്.
Priyadarshini 100 days



